വനിതാ വേദി കുവൈത്ത് ,കുവൈത്തിലെ പ്രവാസി മലയാളി വനിതകൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര സംഘടനയാണ്. ജാതി മത വർഗ്ഗ വ്യത്യാസമെന്യേ കുവൈത്തിലെ മലയാളി വനിതകൾക്ക് ഒത്തുചേരാനുള്ള ഒരു പൊതു ഇടമായാണ് വനിതാവേദി കുവൈത്ത് പ്രവർത്തിക്കുന്നത്. ഏഴ് യൂണിറ്റുകളിലായി കുവൈത്തിലെ എല്ലാ ജനവാസ കേന്ദ്രങ്ങളിലും സാന്നിധ്യമുറപ്പിക്കാൻ ഇക്കാലയളവിൽ വനിതാവേദി കുവൈത്തിന് കഴിഞ്ഞിട്ടുണ്ട്.
പ്രവാസി വനിതകളിൽ ,പുരോഗമന ജനാധിപത്യ ആശയങ്ങൾ പ്രചരിപ്പിക്കുക,സർഗ്ഗ ശേഷികൾ പരിപോഷിപ്പിക്കുക തുടങ്ങിയ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ് വനിതാവേദി കുവൈത്ത് പ്രവർത്തിക്കുന്നത്. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ പ്രശനങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ വനിതാവേദി നടത്തി വരുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് എക്കാലവും കുവൈത്ത് പ്രവാസി സമൂഹം അകമഴിഞ്ഞ പിന്തുണ നൽകിയിട്ടുണ്ട്.
തിരുവനന്തപുരം SAT ആശുപത്രിയിൽ ഒബ്സെർവഷൻ വാർഡ് ,കോട്ടയം മെഡിക്കൽ കോളേജിലെ ഐ സി എച് ആശുപത്രിയിൽ കുട്ടികൾക്കായുള്ള ഓ പി ബ്ലോക്ക് ,അട്ടപ്പാടിയിലെ കുടിവെള്ള പദ്ധതി ,മുളവുകാട് ഭാവന പദ്ധതി തുടങ്ങിയ പ്രവർത്തനങ്ങൾ കേരളത്തിലും ജനമനസുകളിൽ അംഗീകാരം നേടാൻ വനിതാവേദി കുവൈത്തിനെ പ്രാപ്തയാക്കിയിട്ടുണ്ട് .
ഈ പ്രവാസലോകത്തെ തിരക്കുകൾക്കിടയിലും സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു സാമൂഹ്യ ജീവിയായി മാറാൻ,മാനവികത ഉയർത്തി പിടിക്കാൻ ഏവരെയും വനിതാവേദി കുവൈത്തിലേക്ക് സ്വാഗതം ചെയ്യുന്നു .